ഗുലാം നബിയെ പിന്തുണച്ച് നാല് നേതാക്കൾ കൂടി കോൺഗ്രസ് വിട്ടു

gulam nabi
 

കത്വ: ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. ആസാദിനെ പിന്തുണച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെ നാല് നേതാക്കൾ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു. അപ്നി പാർട്ടിയുടെ ഒരു ഡസനോളം പ്രമുഖ പ്രവർത്തകരും തിങ്കളാഴ്ച പാർട്ടി വിട്ടു.

കത്വയിലെ ബാനിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎയായ ഹൈദർ മാലിക്, മുൻ എംഎൽസിമാരായ സുബാഷ് ഗുപ്ത, ഷാം ലാൽ ഭഗത് എന്നിവർ രാജിക്കത്ത് പാർട്ടി ഹൈക്കമാൻഡിന് കൈമാറി. ആസാദിനെ പിന്തുണച്ച് ജമ്മു കശ്മീർ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹേശ്വർ സിംഗ് മാൻഹാസും പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

ദോഡയിൽ നിന്നുള്ള അപ്നി പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് അസ്ഗർ ഹുസൈൻ ഖണ്ഡേ, ജില്ലാ ജനറൽ സെക്രട്ടറി വീരേന്ദർ കുമാർ ശർമ്മ, ജില്ലാ വൈസ് പ്രസിഡന്റ് (വനിതാ വിഭാഗം) പ്രൊമിള ശർമ എന്നിവരുൾപ്പെടെ 12 പ്രവർത്തകർ ആസാദിന് പിന്തുണച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിട്ടുണ്ട്.
 

രാജിവച്ചതിന് പിന്നാലെ ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രിമാരായ അബ്ദുൾ മജിദ് വാനി, മനോഹർ ലാൽ ശർമ്മ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവർ ഡൽഹിയിൽ വെച്ച് ഗുലാം നബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ശേഷം ഗുലാം നബിയോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം പ്രമുഖ കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് പഞ്ചായത്തീരാജ് സ്ഥാപന (പിആർഐ) അംഗങ്ങളും മുനിസിപ്പൽ കോർപ്പറേറ്റർമാരും ജില്ലാ-ബ്ലോക്ക് തല നേതാക്കളും പാർട്ടിയിൽ നിന്ന് രാജിവച്ച് ആസാദിനൊപ്പം ചേരാൻ തയ്യാറെടുത്തിരിക്കുകയാണ്. സെപ്തംബര്‍ അഞ്ചിന് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ആസാദ് (73) വെള്ളിയാഴ്ചയാണ് കോൺഗ്രസുമായുള്ള തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൊണ്ടായിരുന്നു ഗുലാം നബി പാർട്ടി വിട്ടത്.