രാജ്യസഭാ സീറ്റ് വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ്; നാല് പേർ അറസ്റ്റിൽ

google news
arrest
 

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ്, ഗവര്‍ണര്‍ പദവി, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ അംഗത്വം എന്നിവ വാഗ്ദാനം നല്‍കി കോടികള്‍ തട്ടാനുള്ള ശ്രമിച്ച നാല് പേർ അറസ്റ്റിൽ. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് നൂറ് കോടി രൂപ വരെ സ്വകാര്യ വ്യക്തികളില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതികളാണ് സി.ബി.ഐയുടെ വലയിലായത്.

മഹാരാഷ്ട്ര സ്വദേശിയായ കമലാകര്‍ ബണ്ഡാര്‍, ബെല്‍ഗാം സ്വദേശി രവീന്ദ്ര വിതാല്‍ നായിക്, ഡല്‍ഹി സ്വദേശി മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് അയ്ജാസ് ഖാന്‍ എന്നിവരാണ് സംഘത്തിലെ പ്രധാനികളെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

പ്രതി കമലാകര്‍ ബണ്ഡാര്‍ ഉന്നത സി.ബി.ഐ. ഉദ്യോഗസ്ഥന്‍ ചമഞ്ഞായിരുന്നു തട്ടിപ്പിന് നേതൃത്വം നല്‍കിയത്. ഉന്നത ബന്ധങ്ങളുണ്ടെന്നും അതുവഴി രാജ്യസഭാ സീറ്റ് തരപ്പെടുത്തി നല്‍കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു സ്വകാര്യ വ്യക്തികളെ സമീപിച്ചത്.

ഉന്നത ബന്ധങ്ങളുണ്ടെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതികളുടെ ഇടപെടല്‍. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അടുത്ത ബന്ധം പുലര്‍ത്തുന്നവരെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് ശ്രമം നടന്നത്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി വിരുദ്ധ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags