'ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ കോണ്‍ഗ്രസിന് മാത്രമേ അത് സാധിക്കൂ, എ.എ.പിക്കാവില്ല': ഗുലാംനബി ആസാദ്

gulam nabi asad
 

 

ശ്രീനഗര്‍: ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്. ബി.ജെ.പിയെ നേരിടാൻ ആം ആദ്മി പാർട്ടിക്കാവില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

"ഞാന്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞെങ്കിലും അവരുടെ മതേതരത്വ നയങ്ങള്‍ക്ക് എതിരല്ല. സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എ.എ.പിക്ക് അതിനു കഴിയില്ല"- ഗുലാംനബി ആസാദ് പറഞ്ഞു.
 
പഞ്ചാബിൽ അവർ പരാജയപ്പെട്ടുവെന്നും പഞ്ചാബിലെ ജനങ്ങൾ ഇനി അവർക്ക് വോട്ട് ചെയ്യില്ലെന്നും ഗുലാം നബി പറഞ്ഞു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. അവർക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന നയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതിനെ കുറിച്ചും ഗുലാം നബി പ്രതികരിച്ചു. താൻ ഈ വിഷയം പലതവണ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ അത് ചെയ്താൽ സ്വാഗതാർഹമായ നടപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.