ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശിക്കാം; ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന് ഇമാം ​​​​​​​

delhi juma masjid
ന്യുഡല്‍ഹി: ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി അറിയിച്ചു. ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കാമെന്ന് ഇമാം അറിയിച്ചത്.

സന്ദര്‍ശകര്‍ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കുമെന്ന് ലഫ്റ്റന്റ് ഗവര്‍ണര്‍ ഉറപ്പുനല്‍കുകയും ചെയ്തു. വിലക്ക് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനും, ന്യൂനപക്ഷ മന്ത്രാലയത്തിനും വനിതാ കമ്മീഷന്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സ്ത്രീകളുടെ പ്രാര്‍ത്ഥിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഡല്‍ഹി ലെഫ് ഗവര്‍ണര്‍ വിനയ്കുമാര്‍ സാക്‌സന, പള്ളി കമ്മിറ്റിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇമാം തന്നെ വിലക്ക് നീക്കാം എന്നറിയിച്ച് രംഗത്തെത്തിയത്.

പള്ളി പരിസരം പാര്‍ക്കിന് സമാനമായ ഉപയോഗിക്കുന്നത് തടയാനാണ് നീക്കം എന്ന് വിശദീകരിച്ചുകൊണ്ടാണ് ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് ആദ്യം പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്.