തമിഴ്‌നാട്ടിൽ ഗുട്കയും പാൻമസാലയും നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

HC quashes notification banning Gutka and Panmasala in Tamil Nadu
 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ചുകൊണ്ട് 2018-ല്‍ ഭക്ഷ്യ സുരക്ഷാകമ്മിഷണര്‍ പുറത്തിറക്കിയ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഗുട്ക ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാനിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ആക്ട്, FSSA) വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കല്‍ നടപടി.

ജസ്റ്റിസുമാരായ ആര്‍. സുബ്രഹ്‌മണ്യം, കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. അടിയന്തരസാഹചര്യങ്ങളില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്താനുള്ള പരിമിത അധികാരം മാത്രമാണ് പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. ഭക്ഷ്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയരീതി, ഭക്ഷ്യസുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതാണ് എഫ്എസ്എസ്എ എന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. 

ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിന് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറത്തിറക്കാവുന്ന തരത്തില്‍ കമ്മിഷണറുടെ അധികാരപരിധി അനുവദിക്കുന്നത് നിയമലംഘനമാണെന്നും അതിനാല്‍ 2018-ലെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും ജനുവരി 20-ന് പുറത്തിറക്കിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

എഫ്എസ്എസ് നിയമപ്രകാരം 2013-ല്‍ സംസ്ഥാനസര്‍ക്കാര്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും തമിഴ്‌നാട്ടില്‍ നിരോധിച്ചിരുന്നു. പിന്നീട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ സമാനമായ ഉത്തരവുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.