തന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറുണ്ടായെന്ന് വ്യാജ ആരോപണം; തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 തന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറുണ്ടായെന്ന് വ്യാജ ആരോപണം; തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 

കുംഭകോണം: തമിഴ്നാട്ടില്‍ തന്‍റെ വീടിനു നേരെ ബോംബേറുണ്ടായെന്ന് പൊലീസിനെ വിളിച്ചുപറഞ്ഞ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഹിന്ദു മുന്നണി കുംഭകോണം ടൗൺ സെക്രട്ടറി ചക്രപാണിയാണ് വ്യാജ ബോംബേറ് ആരോപണം ഉന്നയിച്ചതിന് അറസ്റ്റിലായത്.

ഐപിസി സെക്ഷൻ 436 (സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം), 153 (കലാപത്തിന് കാരണമായേക്കാവുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടല്‍), 153 എ (മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 153 എ പ്രകാരം പോലീസ് കേസെടുത്തു. 504 (സമാധാനം ലംഘിക്കാനുള്ള മനഃപൂർവമായ ശ്രമം), 505(2) (പൊതുവിപത്ത് ഉണ്ടാക്കൽ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

നവംബര്‍ 21ന് രാവിലെ തന്‍റെ വീടിനു നേരെ പെട്രോള്‍ ബോംബേറുണ്ടായെന്നാണ് ചക്രപാണി പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് കുംഭകോണം പൊലീസ് സൂപ്രണ്ട് രവളി പ്രിയ, അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടുമാരായ ജയചന്ദ്രൻ, സ്വാമിനാഥൻ, ഫോറൻസിക് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ രാമചന്ദ്രൻ എന്നിവർ ചക്രപാണിയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. 
 
എന്നാൽ ചക്രപാണിയുടെ വിശദീകരണത്തില്‍ പൊലീസിന് സംശയം തോന്നി. ചക്രപാണിയുടെ വീട്ടില്‍ വിശദമായ പരിശോധന നടത്തി. ഇയാളെ ചോദ്യംചെയ്‌തപ്പോൾ, വീട്ടിലേക്ക് എറിഞ്ഞെന്ന് അവകാശപ്പെടുന്ന കുപ്പിയിൽ ഉപയോഗിച്ചിരുന്ന തിരികൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത തുണി കീറിയുണ്ടാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. 

തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പ്രശസ്തനാവാനാണ് വ്യാജ ആക്രമണ പരാതി ഉന്നയിച്ചതെന്ന് ചക്രപാണി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ പല നേതാക്കള്‍ക്കും ലഭിച്ചപോലെ തനിക്കും സുരക്ഷാ ഉദ്യോഗസ്ഥനെ (പി.എസ്.ഒ) ലഭിക്കുമെന്ന് കരുതിയെന്നും ചക്രപാണി പറഞ്ഞു. തുടര്‍ന്ന് ചക്രപാണിയെ അറസ്റ്റ് ചെയ്തു.