'പ്രതിദിനം രണ്ട് മൂന്ന് കിലോ അധിക്ഷേപമാണ് തനിക്ക് ലഭിക്കുന്നത്, എന്നാൽ താൻ അവയെ പോഷകങ്ങളായി ഉപയോഗിക്കുന്നു'; പ്രധാനമന്ത്രി

I get 2-3 kilos of gaali everyday but- PM
 

ന്യൂഡല്‍ഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാക്കളിൽ നിന്ന് പ്രതിദിനം രണ്ട് മൂന്ന് കിലോ അധിക്ഷേപമാണ് തനിക്ക് ലഭിക്കുന്നത്. എന്നാൽ താൻ അവയെ പോഷകങ്ങളായി ഉപയോഗിക്കുന്നതായും മോദി പറഞ്ഞു. തെലങ്കാനയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"മോദിയെ പഴി പറഞ്ഞോളൂ, ബിജെപിയെ പഴിച്ചോളൂ, പക്ഷെ തെലങ്കാനയിലെ ജനങ്ങളെ കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ വലിയ വില നല്‍കേണ്ടി വരും''. മോദി പറഞ്ഞു. 

നിരാശയോ ഭയമോ അന്ധവിശ്വാസമോ മൂലം ചിലയാളുകള്‍ മോദിയെ അധിക്ഷേപിക്കും. പക്ഷെ അത്തരം വികാരപ്രകടനങ്ങളില്‍ വീണുപോകരുതെന്ന അപേക്ഷ മാത്രമാണ് തനിക്ക് ബിജെപി പ്രവര്‍ത്തകരോടുള്ളതെന്നും മോദി പറഞ്ഞു. തെലങ്കാനയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരിനെ മോദി കുറ്റപ്പെടുത്തി.


കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരല്ല മറിച്ച് ജനങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരിനേയാണ് സംസ്ഥാനത്തിനാവശ്യം എന്ന് കെസിആറിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.  

 
കൂടാതെ, കെസിആറിന്റെ അന്ധവിശ്വാസങ്ങളേയും മോദി കണക്കറ്റ് പരിഹസിച്ചു. വസതി, ഓഫീസ് എന്നിവയുടെ സ്ഥാനനിര്‍ണം, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കല്‍ എന്നിവയില്‍ കെസിആര്‍ പുലര്‍ത്തുന്ന അന്ധവിശ്വാസങ്ങളെയാണ് മോദി പരിഹസിച്ചത്. സാമൂഹികനീതിയ്ക്ക് ഏറ്റവും വലിയ പ്രതിബന്ധമാണ് ഇതെന്നും മോദി കുറ്റപ്പെടുത്തി. അഴിമതിആരോപണങ്ങളില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം ഭയന്ന് പ്രതിപക്ഷകക്ഷികള്‍ സഖ്യം ചേരുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.