വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; 200 കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിൽ ആശംസകളുമായി പ്രധാനമന്ത്രി

google news
10

പതിനെട്ട് മാസത്തിനുള്ളിൽ 200 കോടി ഡോസ് കൊവിഡ് വാക്‌സിനേഷൻ പൂർത്തിയായതോടെ ഇന്ത്യ വീണ്ടും ചരിത്രം സൃഷ്‌ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ഇന്ത്യക്കാർക്കും പ്രധാനമന്ത്രി ചരിത്ര നിമിഷത്തിൽ അഭിനന്ദനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ വാക്സിനേഷൻ ഡ്രെെവ് സാധാരണയിലും വേഗത്തിലാക്കുന്നതിൽ സംഭാവന നൽകിയവരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു. ഇത് കൊവിഡിനെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ പൗരന്മാരിൽ 90 ശതമാനവും ഒരു ഡോസ് സ്വീകരിച്ചവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.15-18 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷനില്‍ 82 ശതമാനം പേര്‍ ഒരു ഡോസ് സ്വീകരിച്ചു. ഈ പ്രായപരിധിയിലുള്ള 68 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തുവെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു. 
 

Tags