ഗിനിയിൽ തടവിലുള്ള മലയാളികൾ ഉൾപ്പെട്ട സംഘം സുരക്ഷിതര്‍; മോചനത്തിന് ഇടപെടൽ ഊർജ്ജിതമാക്കിഎംബസി

 ഗിനിയിൽ തടവിലുള്ള മലയാളികൾ ഉൾപ്പെട്ട സംഘം സുരക്ഷിതര്‍; മോചനത്തിന് ഇടപെടൽ ഊർജ്ജിതമാക്കിഎംബസി
 

ന്യൂഡല്‍ഹി: സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിൽ ഹൈക്കമ്മീഷനുമായി ചേർന്ന് ശ്രമം തുടരുകയാണെന്ന് എക്വിറ്റോറിയൽ ഗിനി എംബസി. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും മോചനത്തിനായി നൈജീരിയൻ അധികൃതരുമായി ബന്ധപ്പെടുന്നതായും എംബസി അറിയിച്ചു. നിലവിൽ ജീവനക്കാരെ കരുതൽ കേന്ദ്രത്തിൽ നിന്നും കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. 

ക്രൂ അംഗങ്ങളുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അബുജയിലെ ഹൈക്കമ്മീഷനും ഗിനിയയിലെയും നൈജീരിയയിലെയും അധികാരികളുമായി ചേർന്ന് എം.വി ഹീറോയിക് ഇഡൂണിന്റെ ക്രൂ അംഗങ്ങളെ മോചിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളും അടങ്ങുന്ന സംഘം മൂന്നു മാസമായി തടങ്കലിലാണ്. കടൽക്കൊള്ളക്കാരെന്ന തെറ്റിദ്ധാരണയിലാണ് -ഇക്വറ്റോറിയൽ ഗിനിയ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്.   മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഒാഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഒായില്‍ നിറയ്ക്കാന്‍ എത്തിയത്. ടെര്‍മിനലില്‍ ഊഴംകാത്ത് നില്‍ക്കുന്നതിനിടെ ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ ഉടന്‍ മാറ്റി.

ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് വന്നത് നൈജീരിയന്‍ നേവിയാണെന്ന് അറിയുന്നത്. ക്രൂഡ് ഓയില്‍ മോഷണത്തിന് വന്ന കപ്പല്‍ എന്ന രീതിയിലായിരുന്നു അന്വേഷണം.  

അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി അത് നല്‍കിയതോടെ മോചനം സാധ്യമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇവർ ഇപ്പോഴും തടവിൽ തുടരുകയാണ്.