ജഗ്ദീപ് ധൻകര്‍ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി; നേടിയത് 528 വോട്ട്

Jagdeep Dhankhar became new Vice President of India
 

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് അൽവയെ തോൽപ്പിച്ചാണു, ബംഗാൾ ഗവർണറായിരുന്ന ധൻകറിന്റെ വിജയം. 780 എംപിമാരിൽ 725 പേരാണ് വോട്ട് ചെയ്തത്. ധൻകർ 528 വോട്ട് നേടി. അൽവയ്ക്ക് 182 വോട്ട്. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്.

അസുഖബാധിതർ ആയതിനാൽ രണ്ട് ബിജെപി എംപിമാർ വോട്ട് ചെയ്തില്ല. സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്ന ബിജെപി എംപിമാര്‍. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍മാത്രമാണ് വോട്ട് ചെയ്തത്. 34 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്. 


പാർലമെന്റ് മന്ദിരത്തിൽ ഒരുക്കിയ പോളിങ് ബൂത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‍‍നാഥ് സിങ് തുടങ്ങിയവരും വോട്ട് ചെയ്തു. രാജ്യസഭയിലെയും ലോക‍്‍സഭയിലെയും എംപിമാർക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം. 8 പേരുടെ ഒഴിവുള്ളതിനാൽ 780 എംപിമാർക്കാണ് ആകെ വോട്ടവകാശം. നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11നു സ്ഥാനമേൽക്കും.

അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക. അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയിൽ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ് ധൻകർ. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു.