'ഓപറേഷന്‍ കമല' ഭീഷണി: ജാര്‍ഖണ്ഡിലെ യുപിഎ എംഎൽഎമാരെ ചാർട്ടേർഡ് വിമാനത്തിൽ റിസോർട്ടിലെത്തിച്ചു

Jharkhand Ruling Coalition MLAs Flown To Raipur Amid Poaching Fears
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ജെ.എം.എം - കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. ബി.ജെ.പി കുതിരക്കച്ചവടം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെ മെയ് ഫെയര്‍ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റിയത്.

 
ചൊവ്വാഴ്ച ഉച്ചയോട് കൂടിയാണ് എം.എൽ.എമാർ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്. വിമാനത്താവളത്തിൽ ഇവർക്കുവേണ്ടി ചാർട്ട് ചെയ്ത വിമാനം തയ്യാറായിരുന്നു. എം.എൽ.എമാർ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റായ്പുരിലുള്ള മേയ് ഫ്ലവർ റിസോർട്ടിൽ എം.എൽ.എമാർ എത്തിച്ചേർന്നതിന്റെ ദൃശ്യങ്ങൾ എ.എൻ.ഐ പുറത്തുവിട്ടു.

ശനിയാഴ്ച ഹേമന്ദ് സോറന്റെ നേതൃത്വത്തിൽ 43 എം.എൽ.എമാർ ഖുംടി ജില്ല സന്ദർശിച്ചിരുന്നു. ഇത് നിരവധി അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. ഹേമന്ദ് സോറന്റെ അയോഗ്യത ബി.ജെ.പി മുതലെടുത്ത് നിലവിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് ഝാര്‍ഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) കരുതുന്നുണ്ടെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

  
"ഇത് പുതിയ കാര്യമല്ല. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ്. ഞങ്ങളുടെ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള തന്ത്രപരമായ നീക്കമാണ് ഞങ്ങള്‍ നടത്തുന്നത്"- കോൺഗ്രസ് വക്താവ് പ്രതികരിച്ചു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ഹേമന്ദ് സോറന്‍ ലംഘിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തല്‍. ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള ശിപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന അനുമതി നേടിയെന്നാണ് ആരോപണം. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ഈ ആരോപണം ഉന്നയിച്ചത്.
 

81 അംഗ സഭയില്‍ 49 പേരുടെ പിന്തുണയാണ് സോറന്‍ സര്‍ക്കാരിനുള്ളത്. 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.എം.എമ്മിന് 30 എം.എല്‍.എമാരും കോണ്‍ഗ്രസിന് 18 എം.എല്‍.എമാരുമുണ്ട്. ആര്‍.ജെ.ഡിയുടെ ഒരു എം.എല്‍.എയും സഖ്യത്തിനൊപ്പമുണ്ട്. ബി.ജെ.പിക്ക് 26 എം.എല്‍.എമാരാണ് നിലവിലുള്ളത്.

 
അതേസമയം, സോറന്‍ അയോഗ്യനാണെന്നും സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.