ഡൽഹിയിൽ യുവതിയെ കാറിടിച്ച് റോഡിൽ വലിച്ചിഴച്ച സംഭവം; 11 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Kanjhawala accident: Home Ministry orders suspension of 11 Delhi police personnel
 


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച് വീണതിനു പിന്നാലെ കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ട യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. യുവതി കൊല്ലപ്പെടുമ്പോള്‍ ജോലിയിലുണ്ടായിരുന്ന രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, നാല് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
 

കേസ് അന്വേഷണത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ആഭ്യന്തരമന്ത്രാലയം ഡല്‍ഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്കെതിരായ കുറ്റപത്രം എത്രയും പെട്ടന്ന് കോടതിയില്‍ സമര്‍പ്പിക്കണം. കുറ്റക്കാര്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.

പുതുവര്‍ഷ ദിനത്തിലാണ് 20 കാരിയായ അഞ്ജലിയുടെ മരണത്തിന് ഇടയാക്കിയ സംഭവം. യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടിയ ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ യുവതിയെ 12 കിലോമീറ്ററോളമാണ് വലിച്ചിഴച്ചെന്നാണ് കണ്ടെത്തല്‍. മരണം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുജറാത്തില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരെ കൂടുതല്‍ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ഡിസിപി ഹരേന്ദ്ര കെ സിങിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള അഞ്ച് ഫോറന്‍സിക് വിദഗ്ധരുടെ സംഘം അന്വേഷണത്തിന്‌റെ ഭാഗമാകുന്നത്. സംഭവത്തില്‍ ഇതുവരെ ഏഴു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റക്കാരായ അഞ്ചു യുവാക്കളെ ജനുവരി ഒന്നിന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സഹായിച്ച രണ്ടു പേരെ പിന്നാലെയും അറസ്റ്റ് ചെയ്തു.

അപകടസമയത്ത് മദ്യപിച്ചിരുന്നതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. യുവതിയെ കാറില്‍ വലിച്ചിഴച്ചത് അറിയാതെയാണ് യാത്ര തുടര്‍ന്നതെന്നും പ്രതികള്‍ പറഞ്ഞു. കാറിനുളളില്‍ ഉച്ചത്തില്‍ പാട്ട് വെച്ചിട്ടുണ്ടായിരുന്നു. കാറിന്റെ ഗ്ലാസുകള്‍ അടച്ചിട്ടിരുന്നുവെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ജോണ്ടി ഗ്രാമത്തില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നാണ് ഇവരുടെ അവകാശവാദം. പിന്നീട് കാര്‍ നിര്‍ത്തി മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.