മധ്യപ്രദേശിൽ കർണിസേനാ നേതാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു

Karni Sena Leader Stabbed Multiple Times and Dies at Madhya Pradesh
 

ഭോപ്പാല്‍: മധ്യപ്രദേശില്‍ നടുറോഡില്‍ കര്‍ണിസേനാ നേതാവിനെ കുത്തിക്കൊന്നു. കര്‍ണിസേനയുടെ ഇട്ടാര്‍സിയിലെ സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രോഹിത്തിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുന്‍വൈരഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നഗരസഭാ ഓഫീസിന് മുന്‍വശത്തുവെച്ച് മൂവര്‍സംഘമാണ് രോഹിത്തിനെ ആക്രമിച്ചത്. രോഹിത്തിന് നേര്‍ക്കുണ്ടായ ആക്രമണം തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിന്‍ പട്ടേലിനും കുത്തേറ്റു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും അടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പ് രോഹിത് മരിച്ചതായി അധികൃതര്‍ അറിയിച്ചു. സച്ചിന്‍ പട്ടേലിന്റെ നിലയും ഗുരുതരമാണ്. 

അക്രമിസംഘവും രോഹിത്തും തമ്മില്‍ നേരത്തേയുണ്ടായിരുന്ന തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് ഇട്ടാര്‍സി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍. എസ്. ചൗഹാന്‍ അറിയിച്ചു.


രോഹിത്തും സുഹൃത്തും പ്രദേശത്തെ ചായക്കടയ്ക്ക് സമീപം നില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘം ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സംസാരിച്ച് കൊണ്ടിരിക്കെ സംഘത്തിലൊരാള്‍ പെട്ടന്ന്  കത്തിയെടുത്ത് രോഹിത്തിനെ തുടരെത്തുടരെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ രോഹിത്തിനെ കുത്തിയ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.  രാഹുല്‍ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരാളെ കൂടി പിടികൂടാനുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി. അതിനിടെ പ്രതികളിലൊരാളായ അങ്കിത് ഭട്ടിന്റെ വീട് ഒരു സംഘം അടിച്ച് തകര്‍ത്തു. കര്‍ണിസേനാ  പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.  സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.