ലൈംഗികാഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ജഡ്ജി നിയമനത്തിന് മാനദണ്ഡമല്ല; കേന്ദ്രം തിരിച്ചയച്ച പേരുകൾ വീണ്ടും ശുപാർശ ചെയ്ത് കൊളീജിയം

supreme court
 


ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റിസുമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിന് മാനദണ്ഡമല്ലെന്ന് സുപ്രിം കോടതി കൊളിജീയം വ്യക്തമാക്കി. സൗരഭ് കൃപാൽ ഉൾപ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയം നിലപാട് വ്യക്തമാക്കിയത്.

സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം കേന്ദ്രം മടക്കിയ സാഹചര്യത്തിലാണ് കൊളീജിയം നിലപാട് കടുപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് തീരുമാനം.

ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ പേര് വീണ്ടും ശുപാർശ ചെയ്താണ് കൊളിജീയം കുറിപ്പ് അയച്ചിരിക്കുന്നത്.  സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം  കൊളീജിയം മൂന്നാം തവണയും ആവർത്തിച്ചിരുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽ  ജഡ്ജിമാരാക്കാനുള്ള  രണ്ട് അഭിഭാഷകരുടെ പേരുകളും  മൂന്നാം തവണയും കൊളിജീയം ആവർത്തിച്ചു. 

 
രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയില്‍ ജോലിചെയ്യുന്ന വിദേശ പൗരൻ ആണെന്നതാണ് ആദ്യകാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന പലരുടെയും പങ്കാളികൾ വിദേശികളാണെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി. സ്വിസ്റ്റർലൻഡ് ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.

സ്വവർഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്നും കൊളീജിയം വ്യക്തമാക്കി. ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാൻ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം വ്യക്തമാക്കി.