രാജ്യത്തിന്​ ഖാദി, ദേശീയ പതാകക്ക് പോലും ചൈനീസ്​ ​പോളിസ്​റ്റർ; മോദിയുടെ ഇരട്ടത്താപ്പിനെതിരെ രാഹുൽ ഗാന്ധി

rahul gandhi
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലാത്ത വ്യക്തിയാണ് മോദിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഖാദിയെ പ്രമോട്ട് ചെയ്യുന്നതായുള്ള മോദിയുടെ കപട നാടകത്തിനെതിരെയാണ് രാഹുൽ ഗാന്ധി രംഗത്ത് വന്നത്. 

''രാജ്യത്തിന്​ ഖാദി, എന്നാൽ ദേശീയ പതാകക്ക്​ ചൈനീസ്​ ​പോളിസ്​റ്ററും! എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല''- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്. നേരത്തേ യന്ത്രത്തിൽ നിർമിച്ചയോ പോളിസ്​റ്ററിൽ രൂപകൽപ​ന ചെയ്​തതോ ആയ പതാകകൾ രാജ്യത്ത് ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല.

എന്നാൽ, ദേശീയ പതാക കൈകൊണ്ട് നൂൽക്കുന്നതോ കൈകൊണ്ട് നെയ്തതോ യന്ത്രത്തിൽ നിർമിച്ചതോ കോട്ടൺ/ പോളിസ്റ്റർ/ കമ്പിളി/ സിൽക്ക് ഖാദി എന്നിവയിൽ ഉള്ളതോ ആയിരിക്കണമെന്ന്​ പറഞ്ഞ്​ ദേശീയ പതാക കോഡ്​ മോദി സർക്കാർ ഭേദഗതി ചെയ്തിരുന്നു.