ഭൂമി കുംഭകോണ കേസ്: ശിവസേന എംപി സഞ്ജയ് റാവത്ത് അറസ്റ്റില്‍

gg
ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ പത്രചാള്‍ ഭൂമി കുംഭകോണ കേസില്‍ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും.ഇന്നലെ സഞ്ജയ് റാവത്തിന്‍റെ മുംബൈയിലെ വസതിയിൽ ഇ.ഡി 10 മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് എംപിയെ കസ്റ്റഡിയിലെടുത്ത് ഇ.ഡിയുടെ ദക്ഷിണ മുംബൈ ഓഫീസിലേക്ക് കൊണ്ടുപോയി. അവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്നും തല കുനിക്കില്ലെന്നും ശിവസേന വിടില്ലെന്നും ഇ.ഡി ഓഫീസിലെത്തിയ ശേഷം റാവത്ത് പ്രതികരിക്കുകയുണ്ടായി.

ഭൂമി കുംഭകോണ കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാന്‍ നേരത്തെ ഇ.ഡി സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ചിരുന്നു. ജൂലൈ 20നും 27നും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അയച്ച സമൻസുകൾ സഞ്ജയ് റാവത്ത് കൈപ്പറ്റിയെങ്കിലും പാർലമെന്റ് സമ്മേളനം ഉള്ളതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പകരം ഓഗസ്റ്റ് 7ന് ശേഷമുള്ള തിയ്യതി അനുവദിക്കാൻ ആണ് അഭിഭാഷകൻ മുഖേന സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്. അതിനിടെയാണ് ഇന്നലെ ഇ.ഡി റെയ്ഡ് നടത്തിയത്.