ലഫ്റ്റനന്റ് ജനറല്‍ ബി എസ് രാജു പുതിയ കരസേനാ ഉപമേധാവി

Lt Gen BS Raju to take over as Vice Chief of Army Staff
 

ന്യൂഡല്‍ഹി: പുതിയ കരസേനാ ഉപമേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബഗ്ഗവല്ലി സോമശേഖര്‍ രാജു മേയ് ഒന്നിന് ചുമതലയേല്‍ക്കും. ഇപ്പോള്‍ മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറലാണ് അദ്ദേഹം. 

നിലവിലെ കരസേനാ മേധാവിയായ ജനറല്‍ എം എം നരവാനെ വിരമിക്കുന്ന സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് ഇപ്പോഴത്തെ ഉപമേധാവിയായ ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെയായിരിക്കും എത്തുക. ഈ സാഹചര്യത്തിലാണ് ഉപമേധാവി സ്ഥാനം ലഫ്റ്റനന്റ് ജനറല്‍ ബി എസ് രാജു ഏറ്റെടുക്കുന്നത്.
 
കര്‍ണാടകയിലെ ബീജാപൂര്‍ ദേശീയ സൈനിക സ്‌കൂളിലെയും നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായ അദ്ദേഹം 1984 ഡിസംബര്‍ 15 ന് ജാട്ട് റെജിമെന്റിന്റെ ഭാഗമായിക്കൊണ്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

നിയന്ത്രണ മേഖലയിലെ ഉറി ബ്രിഗേഡ്, കാശ്മീരിലെ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഫോഴ്സ് എന്നിവയുടെ കമാന്‍ഡറായിരുന്നു. ഭൂട്ടാനിലെ ഇന്ത്യന്‍ സൈനിക പരിശീലന സംഘത്തിന്റെ കമാന്‍ഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

2021 മാര്‍ച്ച്‌ വരെ ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്സിന്റെ തലവനായിരുന്നു. ഹെലികോപ്ടര്‍ പൈലറ്റ് കൂടിയായ ലഫ്റ്റനന്റ് ജനറല്‍ ബിഎസ് രാജു ഐക്യരാഷ്ട്ര സഭയുടെ ഒരു ദൗത്യത്തിന്റെ ഭാഗമായി സൊമാലിയയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ റോയല്‍ കോളേജ് ഒഫ് ഡിഫന്‍സ് സ്റ്റഡീസില്‍ നിന്ന് എന്‍ഡിസി പൂര്‍ത്തിയാക്കിയ അദ്ദേഹം അമേരിക്കയിലെ നേവല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കൂളില്‍ നിന്ന് തീവ്രവാദ വിരുദ്ധ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.