എം.കെ.സ്റ്റാലിന്‍ ഫ്ലാഗ് ഓഫ് ചെയ്തു; 'ഭാരത് ജോഡോ' യാത്രയ്ക്ക് കന്യാകുമാരിയില്‍ തുടക്കമായി

stalin
 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയ്ക്ക് കന്യാകുമാരിയില്‍ തുടക്കമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് ഇന്ന് തുടക്കമായത്. പ്രാര്‍ത്ഥനാ യോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വെച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറിയത്.  

ഭാരത് ജോഡോ യാത്രയ്ക്കു മുന്നോടിയായി രാഹുല്‍ഗാന്ധി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇതിനുശേഷമാണ് രാഹുല്‍ ഗാന്ധി കന്യാകുമാരിയിലെത്തിയത്. മുതിര്‍ന്ന നേതാക്കന്‍മാരെയെല്ലാം ഒഴിവാക്കിയായിരുന്നു രാഹുല്‍ ശ്രീപെരുംപുത്തൂരില്‍ എത്തിയത്. ഡി.കെ. ശിവകുമാറും തമിഴ്‌നാട് പി.സിസി അധ്യക്ഷന്‍ കെ.എസ്.അഴഗിരിയും അനുഗമിച്ചു. 

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. മുതിര്‍ന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുളളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.
രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്ര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍ അടക്കമുള്ള വിവിധ വിഭാഗങ്ങളില്‍പെട്ടവരും യാത്രയുടെ ഭാഗമാകും. പ്രത്യേകം തെരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനൊപ്പം സ്ഥിരാംഗങ്ങളായി 3500 കിലോമീറ്റര്‍ പദയാത്രയ്ക്കൊപ്പം ചേരുന്നത്.