മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയ്‌ക്കെതിരേ ബലാത്സംഗ പരാതിയുമായി ഭാര്യ

മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയ്‌ക്കെതിരേ ബലാത്സംഗ പരാതിയുമായി ഭാര്യ
 

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍മന്ത്രിയുമായ ഉമംഗ് സിംഘാറിനെതിരെ ബലാത്സംഗവും ഗാര്‍ഹികപീഡനവും ആരോപിച്ച് ഭാര്യയുടെ പരാതി. പ്രകൃതി വിരുദ്ധ ലൈംഗികതയും ഭാര്യ പരാതിയില്‍ ആരോപിക്കുന്നുണ്ട്. 

ഉമംഗിനെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഭാര്യ ഉന്നയിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് അവര്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, ഉമംഗിന്റെ ലിവ് ഇന്‍ പാര്‍ട്ണര്‍ സോണിയ ഭരദ്വാജിന്റെ ആത്മഹത്യയിലും ഉമംഗിന് പങ്കുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ഒരുകൊല്ലം മുന്‍പാണ് സോണിയ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഉമംഗ് കുറ്റാരോപിതനായിരുന്നു.
 

അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് ഉമംഗ് പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ബ്ലാക്ക് മെയിലിങ്ങാണെന്നുമാണ് ഉമംഗിന്റെ വാദം. ഭാര്യയുടെ ബ്ലാക്ക് മെയിലിങ്ങും മാനസിക പീഡനവും ചുണ്ടിക്കാട്ടി നവംബര്‍ രണ്ടിന് പോലീസിന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വ്യാജകേസില്‍ പെടുത്തുമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നല്‍കണമെന്നും ഭാര്യ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉമംഗ് കൂട്ടിച്ചേര്‍ത്തു.