രാമക്ഷേത്രം തുറക്കുന്ന കാര്യം പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണ്?; മല്ലികാർജുൻ ഖാർഗെ

kharge
 

ന്യൂഡല്‍ഹി: അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരെന്ന് ഖാർഗെ ചോദിച്ചു. അക്കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കിക്കൊള്ളും. ആഭ്യന്തര മന്ത്രിയുടെ പണി രാജ്യത്തിൻ്റെ  സുരക്ഷ ഉറപ്പാക്കലാണെന്നും ഖാർഗെ പറഞ്ഞു. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണെന്നും അദ്ദേഹം ചോദിച്ചു.  

കഴിഞ്ഞ ദിവസം അമിത് ഷാ അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം തടയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഖാർഗെ രംഗത്തെത്തിയത്.

   

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി രാമക്ഷേത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും രാമക്ഷേത്രമായിരിക്കും. 2024 ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള ബിജെപിയുടെ തുറുപ്പ് ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. ​171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയിൽ ഉയരുന്നത്. ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോൾ അയോധ്യയ്ക്ക് ഉണ്ടാകും. 
 
2019 നവംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വിധിക്കുകയായിരുന്നു. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി മുസ്‌ലിം പള്ളി നിർമിക്കാൻ നൽകാനും കോടതി അന്ന് ഉത്തരവിട്ടിരുന്നു.