പാൻ മസാല പാക്കറ്റിനുള്ളിൽ ഡോളറുകള്‍ കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

പാൻ മസാല പാക്കറ്റിനുള്ളിൽ ഡോളറുകള്‍ കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
 


കൊൽക്കത്ത: ബാങ്കോക്കിലേക്ക് അനധികൃതമായി പണം കടത്തുകയായിരുന്ന ഒരാളെ കൊൽക്കത്ത കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പിടികൂടി. പാൻ മസാലയുടെ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡോളർ ബില്ലുകൾ കണ്ടെടുത്തത്.

ഏകദേശം 33 ലക്ഷം ഇന്ത്യൻ രൂപ വിലമതിക്കുന്ന ഡോളറുകളാണ് കടത്താൻ ശ്രമിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ കയറി കസ്റ്റംസ് വകുപ്പ് പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരന്റെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്താനുള്ള ശ്രമം പിടികൂടിയത്.

പാന്‍മസാലയുടെ സാഷേ പാക്കറ്റിനുള്ളില്‍ പത്ത് ഡോളറിന്റെ രണ്ട് കറന്‍സികള്‍ വീതം മടക്കിവെച്ച നിലയിലായിരുന്നു. പാക്കറ്റുകള്‍ ശ്രദ്ധയോടെ കീറിയെടുത്ത് പാന്‍മസാല കളഞ്ഞ ശേഷം കറന്‍സി നോട്ടുകള്‍ കൃത്യമായി മടക്കി ഒപ്പം എന്തോ ഒരു പൊടിയും നിറച്ച് സുതാര്യമായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ചു. ഒരു ട്രോളി ബാഗ് നിറയെ ഇത്തരത്തിലുള്ള പാക്കറ്റുകളായിരുന്നു.