ശരദ് പവാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മറാത്തി നടി കേതകി ചിതാലെ അറസ്റ്റില്‍

Marathi Actor Ketaki Chitale Arrested For 'Derogatory Facebook Post' On Sharad Pawar
 

മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാറിനെ അധിക്ഷേപിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മറാത്തി നടി കേതകി ചിതാലെ അറസ്റ്റില്‍. ശരദ് പവാറിന്‍റെ രോഗം, രൂപം, ശബ്ദം എന്നിവയെ കുറിച്ചാണ് നടി അധിക്ഷേപകരമായ പോസ്റ്റിട്ടത്. ശരദ് പവാര്‍ അഴിമതിക്കാരനാണെന്നും നടി ആരോപിച്ചു. താനെ ക്രൈംബ്രാഞ്ചാണ് നടിയെ അറസ്റ്റ് ചെയ്തത്.

പോസ്റ്റിട്ടതിന് പിന്നാലെ എന്‍.സി.പി നേതാവ് സ്വപ്‌നിൽ നെറ്റ്‌കെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐ.പി.സിയിലെ സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501 (അപകീർത്തികരമായ കാര്യം പ്രസിദ്ധീകരിക്കല്‍), 153എ (മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ ശത്രുത വളർത്തല്‍) എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

കൽവ പോലീസാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.