മുസ്ലീം നിയമപ്രകാരം 16 വയസിൽ വിവാഹം; ഉത്തരവിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സുപ്രീകോടതിയിൽ

wedding
 

മുസ്ലീം നിയമപ്രകാരം 16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സുപ്രീം കോടതിയിൽ.മുസ്ലീം വ്യക്തിനിയമപ്രകാരം മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം അനുവദനീയമാണെന്നു ചൂണ്ടിക്കാട്ടിക്കാട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുസ്ലീം ദമ്പതികള്‍ക്ക് സംരക്ഷണം അനുവദിക്കുകയായിരുന്നു. 

ശൈശവ വിവാഹ നിരോധന നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും ലംഘനം ചൂണ്ടിക്കാട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ കമ്മീഷന്‍ ചോദ്യം ചെയ്തു. അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പത്താന്‍കോട്ട് ആസ്ഥാനമായുള്ള മുസ്ലീം ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം നിയന്ത്രിക്കുന്നത് മുസ്ലീം വ്യക്തിനിയമമാണെന്ന് നിയമം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുസ്ലീം ദമ്പതികള്‍ക്ക് സംരക്ഷണം അനുവദിച്ചത്. മുസ്ലീം വ്യക്തിനിയമം വിഭാവനം ചെയ്യുന്ന വിവാഹപ്രായമാണ് രണ്ട് ഹര്‍ജിക്കാര്‍ക്കും ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു.

ശൈശവ വിവാഹ നിരോധന നിയമം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടി ജൂണ്‍ മാസത്തെ ഉത്തരവിനെ അഭിഭാഷകയായ സ്വരൂപമ ചതുര്‍വേദി മുഖേന കമ്മീഷന്‍ ചോദ്യം ചെയ്തു. ഈ പ്രവൃത്തികള്‍ മതേതരമാണെന്നും എല്ലാ മതങ്ങള്‍ക്കും ബാധകമാണെന്നും വാദിച്ചു.