മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; പത്ത് പേർ വെന്തുമരിച്ചു

Massive fire breaks out at a hospital in Jabalpur
 

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. പത്ത് പേര്‍ വെന്തുമരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ ന്യൂ ലൈഫ് മള്‍ട്ടിസെപ്ഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. അപകടകാരണം വ്യക്തമല്ല.

ഫോയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. രോഗികളെ മറ്റൊരു ആശുപത്രിയിലേക്കി മാറ്റിയിരിക്കുകയാണ്. നാലുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ജബല്‍പൂര്‍ എസ്.പി സിദ്ധാര്‍ഥ ബഹുഗുണയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ടിലേറെപ്പേര്‍ക്ക് ചെറിയ തോതില്‍ പരിക്കുണ്ട്.

ആശുപത്രിയിൽ കുടുങ്ങിയവർക്കായുളള രക്ഷാപ്രവർത്തനം പൂർത്തിയായതായും ഇവിടെ ചികിൽസയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും ജബൽപുർ ചീഫ് പൊലീസ് സൂപ്രണ്ട് അഖിലേഷ് ഗൗർ പറഞ്ഞു.


ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ജബൽപുർ എസ്‌പി സിദ്ധാർഥ് ബഹുഗുണ അറിയിച്ചു. മുപ്പതു കിടക്കകൾ ഉള്ള ആശുപത്രിയിൽ ഉച്ചതിരിഞ്ഞ് വൈദ്യുതി നിലച്ചതായും തുടർന്ന് ജനററേറ്റർ പ്രവർത്തിപ്പിക്കവേ ഷോർട് സർക്യുട്ട് ഉണ്ടായെന്നുമാണ് വിവരം.


അതേസമയം, പത്ത് പേരുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് അഞ്ച് ലക്ഷം വീതം സഹായധനം നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഗുരുതര പരിക്കേറ്റവര്‍ക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.