തൃണമൂലിന്‍റെ 38 തൃണമൂല്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയുമായി നല്ല ബന്ധമുണ്ട്: മിഥുന്‍ ചക്രബര്‍ത്തി

Mithun Chakraborty claims 38 TMC MLAs in touch with BJP
 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ക്ക് ബിജെപിയുമായി സമ്പര്‍ക്കമുണ്ടെന്ന് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി. 38 എംഎല്‍എമാര്‍ ബിജെപിയുമായും അതില്‍ 21 പേര്‍ താനുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും മിഥുന്‍ ചക്രവര്‍ത്തി അവകാശപ്പെട്ടു.

"നിങ്ങൾക്ക് ബ്രേക്കിങ് ന്യൂസ് കേൾക്കണോ? ഇപ്പോൾ 38 ടി.എം.സി എം.എൽ.എമാർക്ക് ഞങ്ങളുമായി നല്ല ബന്ധമാണ് ഉള്ളത്. അതിൽ 21 പേർ നേരിട്ട് ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നു" എന്നാണ് മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞത്.


 പശ്ചിമബംഗാളില്‍ ബിജെപി ഓപ്പറേഷന്‍ താമരയ്ക്ക് പദ്ധതിയിടുന്നതായും തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോപ്പുകൂട്ടുകയാണെന്നുമുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തിന് പിന്നാലെയാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസ്താവന.


മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ഒരാള്‍ പോലും മിഥുന്‍ ചക്രവര്‍ത്തിയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. അദ്ദേഹം ആശുപത്രിയിലാണെന്ന് കേട്ടിരുന്നു, രോഗം ശാരീരികമല്ല മാനസികമാണെന്നാണ് എനിക്ക് തോന്നുന്നത്. തൃണമൂല്‍ എംപി ശന്തനു സെന്‍ പറഞ്ഞു.


കഴിഞ്ഞ വർഷം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കൾ ബി.ജെ.പിയിലെത്തിയിരുന്നു. എന്നിട്ടും മമത ബാനർജിയുടെ ടി.എം.സി തകർപ്പൻ വിജയം നേടി. ഇതോടെ ചില നേതാക്കള്‍ തിരികെ തൃണമൂലിലെത്തുകയും ചെയ്തു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 18 ലോക്‌സഭാ സീറ്റുകൾ നേടി ബി.ജെ.പി തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു.  

2014ല്‍ മിഥുന്‍ ചക്രബര്‍ത്തിയെ രാജ്യസഭയിലെത്തിച്ചത് മമത ബാനര്‍ജിയായിരുന്നു. പക്ഷെ രണ്ട് വർഷത്തിന് ശേഷം മിഥുന്‍ ചക്രബര്‍ത്തി രാജിവച്ചു. 2021 മാർച്ച് 7ന് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു.