മെട്രോ തൂണ് തകര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിച്ച സംഭവം; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: മെട്രോ തൂണ് തകര്‍ന്നുവീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുക. അപകടം വളരെ ദൗര്‍ഭാഗ്യകരമാണെന്നും തൂണ് തകര്‍ന്നുവീണതിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മരിച്ചവരുടെ കുടുംബത്തിന് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡും (ബിഎംആര്‍സിഎല്‍) 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ അപകടത്തില്‍ പരിക്കേറ്റ തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത്തിന്റെയും മകളുടെയും ചികിത്സാചെലവ് ഏറ്റെടുക്കുമെന്നും ബിഎംആര്‍സിഎല്‍ അറിയിച്ചു.
ബെംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച്ബിആര്ലേ ഔട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ബെംഗളൂരു മെട്രോയുടെ തൂണ് തകര്‍ന്നു വീണ് തേജസ്വിനി (28), മകന് വിഹാന് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബെംഗളൂരു മെട്രോയുടെ ഫേസ് 2 ബിയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന കുടുംബത്തിന് മേല്‍ നാല്പത് അടിയോളം ഉയരവും ടണ്‍കണക്കിന് ഭാരവും വരുന്ന പില്ലര്‍ തകര്‍ന്നുവീഴുകയായിരുന്നു.