മെട്രോയുടെ തൂണ്‍ തകര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്ക്

bengaluru-metros-pillar-collapsed
 

ബെംഗളുരു: മെട്രോ തൂണ്‍ തകര്‍ന്നു വീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും മരിച്ചു.  ഇന്നു രാവിലെയാണ് സംഭവം. ബെംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച്ബിആര്‍ലേ ഔട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ബെംഗളൂരു മെട്രോയുടെ തൂണ്‍ തകര്‍ന്നു വീണതാണ് അപകടത്തിന് കാരണമായത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരായ നാലംഗ കുടുംബത്തിന്റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. 


അപകടത്തില്‍ ബെംഗളുരുവിലെ ഹൊരമാവ് സ്വദേശിയായ തേജസ്വിനിക്കും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്കേറ്റു. രണ്ട് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.  218ാം നമ്പര്‍ പില്ലറാണ് തകര്‍ന്ന് വീണത്. നാല്‍പത് അടിയോളം ഉയരവും ടണ്‍കണക്കിന് ഭാരവും വരുന്ന പില്ലറാണ് ഇവരുടെ മേലേയ്ക്ക് പതിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം അംബേദ്കര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. 

അതേസമയം, അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.