മുലായം സിങ് യാദവിന്‍റെ സഹോദരൻ ശിവ്പാൽ സിങ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

Mulayam Singh Yadav's brother Shivpal Singh Yadav has announced a new party
 

ലഖ്‌നോ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാൽ സിങ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. 'യാദവ് റിനയ്‌സൺസ് മിഷൻ' എന്നാണ് പുതിയ സംഘടനയുടെ പേര്. ശിവ്പാൽ സിങ് ആണ് സംഘടനയുടെ രക്ഷാധികാരി. 

സാമൂഹ്യനീതിക്ക് വേണ്ടിയാണ് സംഘടന പ്രവർത്തിക്കുകയെന്ന് ശിവ്പാൽ സിങ് പറഞ്ഞു. പുതിയ സംഘടന ഒരു രാഷ്ട്രീയപ്പാർട്ടിക്കും എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ സാംഭൽ എംപി ഡി.പി യാദവ് ആണ് പാർട്ടി പ്രസിഡന്റ്. താമസിയാതെ തന്നെ സംഘടനക്ക് സംസ്ഥാന വ്യാപകമായി യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ശിവ്പാൽ സിങ് പറഞ്ഞു.

സമാജ് വാദി പാർട്ടിയുടെ മുഖ്യവോട്ട് ബാങ്കായ യാദവ സമുദായത്തെ ലക്ഷ്യമിട്ടാണ് ശിവ്പാൽ സിങ് യാദവ് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ഏറെനാളായി ശിവ്പാൽ സിങ് ഇടഞ്ഞുനിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചെങ്കിലും വീണ്ടും വേർപിരിയുകയായിരുന്നു.