ഉത്തപ്രദേശിൽ 4 നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Multi-Storey Residential Building Collapses in Lucknow
 

ഉത്തർ പ്രദേശ്: യുപിയിൽ കെട്ടിടം തകർന്നു വീണു. ലഖ്‌നോ ഹസൻഗഞ്ചിലാണ് കെട്ടിടം തകർന്നത്. തകർന്ന കെട്ടിടത്തിൽ നിന്നും 3 മൃതദേഹങ്ങൾ കണ്ടെത്തി. നിരവധിപേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി.

‘‘രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ്, അഗ്നിരക്ഷ സേനാംഗങ്ങളും എത്തിയിട്ടുണ്ട്.’’– ബ്രിജേഷ് പഥക് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഈ കെട്ടിടത്തിൽ 4 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. 3 പേരെ അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിലുണ്ടായ ബലക്ഷയമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. പ​രി​ഭ്രാ​ന്ത​രാ​യ പ്ര​ദേ​ശ​വാ​സി​ക​ളെ​യും കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ​യും അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഡൽഹിയിലുൾപ്പെടെ വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണോ കെട്ടിടം തകർന്നുവീണതെന്നു പരിശോധിക്കുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരത്തെ റിപ്പോർട്ട് ചെയ്തത്. ചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം.

നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഭൂചലനത്തിൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്ന് അധികൃതരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. വ്യക്തമാക്കുന്നു.