സുള്ള്യയിലെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ;കൊലയാളികൾ സഞ്ചരിച്ചത് കേരള രജിസ്ട്രേഷൻ ബൈക്കിൽ

praveen
 കര്‍ണാടകയില്‍ സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ 21 പേര്‍ കസ്റ്റഡിയിൽ. പിടിയിലായ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ബെല്ലാരി സ്വദേശിയായ  യുവാവാണ് കൊല്ലപ്പെട്ടത്.ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലയാളി സംഘം സഞ്ചരിച്ചത് കേരള രജിസ്ട്രേഷന്‍ ബൈക്കിലായിരുന്നുവെന്ന് സാക്ഷിമൊഴികളുടെ പശ്ചാത്തലത്തില്‍ ഇവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മൂന്ന് ടീമുകളെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് ടീമുകളെ കര്‍ണാടകയിലെ മടിക്കേരിയിലേക്കും ഹാസനിലേക്കും നിയോഗിച്ചു. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് ബെല്ലാരി. കേരളത്തില്‍ നിന്ന് ഇവിടെയെത്തി കൊലപാതകം നടത്താന്‍ അക്രമികള്‍ക്ക് എളുപ്പമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊലയ്ക്ക് പിന്നാലെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍  സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ  മുഖ്യമന്ത്രി ബസവരാജ ബൊമ്മെ  റദ്ദാക്കിയിരുന്നു.ശിവമോഗയിലെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനായിരുന്ന ഹര്‍ഷയുടെ കൊലയ്ക്ക് ഏതാനും മാസങ്ങള്‍ക്ക് ശേഷമുണ്ടായ പ്രവീണിന്റെ കൊലപാതകം വേദനയുണ്ടാക്കിയെന്ന് ബസവരാജ ബൊമ്മെ പ്രതികരിച്ചിരുന്നു.