പോപുലർ ഫ്രണ്ട് റെയ്ഡ്: 11 സംസ്ഥാനങ്ങളില്‍ നിന്ന് 45 പേര്‍ അറസ്റ്റില്‍

NIA and ED raid popular front of india offices across india
 

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപക നീക്കവുമായി എൻഐഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനിൽ 150ലധികം പേരെ 11 സംസ്ഥാനങ്ങളിലായി കസ്റ്റഡിയിലെടുത്തു. 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്. രണ്ടു കേസുകളിലായി  19 പേർ കേരളത്തിൽ മാത്രം അറസ്റ്റിലായി. തമിഴ്നാട്ടില്‍ 11 പേരും കർണാടകയില്‍ ഏഴ് പേരും ആന്ധ്രയില്‍ നാല് പേരും രാജസ്ഥാനില്‍ രണ്ട് പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ദില്ലിയിൽ എത്തിച്ചു. ഒഎംഎ സലാം ഉൾപ്പടെയുള്ളവരെ ദില്ലി കോടതിയിൽ ഹാജരാക്കി. ഒഎംഎ സലാം, ജസീർ കെപി, നസറുദ്ദീൻ എളമരം,  മുഹമ്മദ് ബഷീർ,  ഷഫീർ കെപി, പി അബൂബക്കർ, പി കോയ, ഇ എം അബ്ദുൾ റഹ്മാൻ തുടങ്ങി 14 പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. രണ്ടുപേരെ കൊച്ചി വഴിയും 12 പേരെ കരിപ്പൂര്‍ വഴിയുമാണ് കൊണ്ടുപോയത്. 
 

പുലർച്ചെ ഒരു മണിക്കാണ് രഹസ്യ ഓപ്പറേഷൻ എൻഐഎ തുടങ്ങിയത്.  കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ, ഇഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറു കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. 1500ലധികം ഉദ്യോഗസ്ഥർ റെയ്ഡുകളിൽ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന. ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷൻ. തെക്കേ ഇന്ത്യയ്ക്കും ദില്ലിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയ്ഡ് നടന്നു. പലയിടത്തും പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്തു. ഭീകരവാദത്തിന് പണം വന്നതിനും പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയതിനും നിരോധിച്ച സംഘടനകളിൽ ആളെ ചേർക്കുന്നതിനും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നീക്കം. 
  
അതേസമയം, സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.


പോപുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമായി രാജ്യവ്യാപക റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായിരിക്കുകയാണ്. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് 10 ഓളം സംസ്ഥാനങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിലുള്ള ഒന്നിലധികം ഏജൻസികൾ വ്യാഴാഴ്ച പുലർച്ചെ നടത്തിയ റെയ്ഡുകളിൽ പിഎഫ്ഐയുടെ 106 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.