ഒമിക്രോണിൻറെ പുതിയ വകഭേദമായ ബി.എ.2.12 കണ്ടെത്തിയതായി ഡൽഹി ആരോഗ്യ വകുപ്പ്

google news
covid vaccine

ന്യൂഡൽഹി: ഒമിക്രോണിൻറെ പുതിയ വകഭേദമായ ബി.എ.2.12 കണ്ടെത്തിയതായി ഡൽഹി ആരോഗ്യ വകുപ്പ്. വ്യാഴാഴ്ച നടത്തിയ ജീനോ പരിശോധനയിലാണ് സാമ്പിളിൽ വ്യതിയാനം കണ്ടെത്തിയത്. വിശദ പരിശോധനക്കായി സാമ്പിൾ ഐ.എൻ.എസ്.എ.സി.ഒ.ജിയിലേക്ക് അയച്ചു. ഇവിടെ നിന്നുള്ള ഫലം ലഭിക്കുന്നതോടെ പുതിയ വകഭേദം സംബന്ധിച്ച അന്തിമ സ്ഥിരീകരണമുണ്ടാകും.

രോഗബാധയുള്ള ആളുമായി സമ്പർക്കത്തിലുള്ളവരുടെ സാമ്പിളുകളും അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ വ്യാഴാഴ്ച 965 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ബുധനാഴ്ച 1009 പേർക്ക് രോഗബാധ കണ്ടെത്തുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 10ന് ശേഷമുള്ള കൂടിയ കണക്കാണ് ബുധനാഴ്ചത്തേത്.

രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ഡൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. മാസ്ക് ഉപയോഗം വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകൾ നിരീക്ഷിക്കാനും ജീനോം സീക്വൻസിങ് വ്യാപിപ്പിക്കാനും ആശുപത്രികളിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങൾ, ഇൻഫ്‌ലുവൻസ കേസുകൾ എന്നിവ നിരീക്ഷിക്കാനുമാണ് ജാഗ്രതാ നിർദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags