'ഓപ്പറേഷൻ ലോട്ടസ്': തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ നോട്ടീസ്, 21 ന് ഹാജരാകണം

thushar
 


ആലപ്പുഴ: എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് നോട്ടിസ്. തെലങ്കാന പൊലീസ് കണിച്ചുകുളങ്ങളങ്ങരയിലെ വസതിയിലെത്തി നോട്ടിസ് നല്‍കി. ഈ മാസം 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകണം.

തുഷാർ സ്ഥലത്തില്ലാത്തതിനാൽ ഓഫിസ് സെക്രട്ടറി പൊലീസിന്റെ നോട്ടിസ് കൈപ്പറ്റി. മുന്നാർ സ്വദേശിയായ, നൽഗൊണ്ട എസ്പി രമ മഹേശ്വരിയും സംഘവുമാണ് എത്തിയത്.

4 എംഎല്‍എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ടിആര്‍എസിന്റെ ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്‍റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്‍റെ ഫോൺ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെ സി ആ‍ര്‍ ആരോപിച്ചിരുന്നു. കെ സി ആറിന്‍റെ ആരോപണം ബി ജെ പിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ടി ആർ എസി ന്‍റെ, എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാർ വെള്ളാപ്പള്ളി പറയുന്നുണ്ട്. ബി എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്. 

സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണു തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറി.