ജി 20 ഉച്ചകോടി: ബാലിയിൽ അത്താഴവിരുന്നിൽ സൗഹൃദം പങ്കിട്ട് മോദിയും ഷി ജിൻ പിങ്ങും

ന്യൂഡൽഹി: ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴവിരുന്നിനിടെ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റേയും വീഡിയോ പുറത്തുവന്നു.
ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്നിൽ മോദി ഷി ചിൻപിങ്ങിനോടു സംസാരിക്കുന്നതും ഹസ്തദാനം നൽകുന്നതുമായ വിഡിയോയാണ് പുറത്തുവന്നത്. ജി20 പ്രതിനിധികൾ ധരിക്കുന്ന പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്.
2020ൽ കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾക്കു ശേഷം ഇരു രാജ്യങ്ങളിലെ നേതാക്കളും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നില്ല. അതിനാലാണ് ഈ ദൃശ്യങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നത്. നേരത്തെ സെപ്റ്റംബറിൽ നടന്ന ഷാങ്‌ഹായ് ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുത്തിരുന്നെങ്കിലും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റെയോ ഹസ്തദാനം നൽകുന്നതിന്റെയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നില്ല.
ബുധനാഴ്ച വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് വിവരം. ലോക സമ്പദ്‌വ്യവസ്ഥ, ഊർജം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങിയവയെക്കുറിച്ചും ലോക രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ചയാകും. എന്നാൽ ചൈനീസ് പ്രസിഡന്റുമായി ചർച്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല.
ലോകത്തെ പ്രധാന സാമ്പത്തികശക്തികളായ 19 രാഷ്ട്രങ്ങളുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുക്കുന്ന ദ്വിദിന സമ്മേളനത്തിനായാണ് പ്രധാനമന്ത്രി ബാലിയിൽ എത്തിയത്. ഉഭയകക്ഷി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്.