പാട്യാലയില്‍ സംഘര്‍ഷം; കര്‍ഫ്യു ഏര്‍പ്പെടുത്തി

Patiala Violence Curfew Imposed
 

ചണ്ഡിഗഡ്: പഞ്ചാബിലെ പാട്യാലയിലുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി.പാട്യാലയില്‍ നടന്ന ശിവസേനയുടെ മാര്‍ച്ചില്‍ ഖാലിസ്ഥാനെതിരായി മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണി വരെയാണ് പാട്യാലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

അക്രമ സംഭവങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. 

ശിവസേന സംസ്ഥാന അദ്ധ്യക്ഷന്‍ ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ഖാലിസ്ഥാന്‍ വിരുദ്ധ റാലിക്കിടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പാട്യാല കാളി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. 

ഖാലിസ്ഥാനെതിരായി മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് സിഖ് വിഭാഗത്തില്‍ പെട്ട ചിലരും ശിവസേന പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. ഖാലിസ്ഥാന്‍ അനുകൂല സിഖ് സംഘടനകളിലെ ചിലര്‍ വാളെടുത്ത് തെരുവിലിറങ്ങുകയും ചെയ്തു.

'ഖാലിസ്ഥാന്‍ മുര്‍ദ്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കി ശിവസേന പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുന്നതിനിടെയാണ് കല്ലേറുമായി ഇവര്‍ രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.