സോണിയയുടെയും രാഹുലിന്റെയും വസതികൾക്ക് മുന്നിൽ വൻ പൊലീസ് സന്നാഹം; പ്രതിഷേധം

google news
Delhi police at AICC and homes of Sonia and Rahul Gandhi
 

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിൽ വൻ പൊലീസ് സന്നാഹം. കോൺഗ്രസ് ആസ്ഥാനത്തും വൻ സന്നാഹത്തെ വിന്യസിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്തുള്ള നടപടിയാണിതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ‘യംഗ് ഇന്ത്യയുടെ’ ഓഫീസ് സീൽ ചെയ്തിരുന്നു. ഹെറാൾഡ് ഹൗസിന്റെ പരിസരത്ത് തന്നെയാണ് ഈ ഓഫീസ്. ഇഡി നടപടിക്ക് പിന്നാലെ കോൺഗ്രസ് ആസ്ഥാനത്ത് വൻ പ്രതിഷേധം അരങ്ങേറി. തുടർന്നാണ് പൊലീസ് വൻ സന്നാഹത്തെ വിന്യസിച്ചത്. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് നടത്താനിരിക്കുന്ന പ്രതിഷേധത്തെ തടയാനാണ് നീക്കമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.


“ഡൽഹി പൊലീസ് ഞങ്ങളുടെ ആസ്ഥാനങ്ങളും INC പ്രസിഡന്റിന്റെയും മുൻ പ്രസിഡന്റിന്റെയും വീടുകളും വളഞ്ഞു, മോദി സർക്കാരിന്റെ അനീതികൾക്കും പരാജയങ്ങൾക്കും എതിരെ ശബ്ദിക്കുക! മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.” കൂടുതൽ മുതിർന്ന നേതാക്കളെല്ലാം കോൺഗ്രസ് ആസ്ഥാനത്ത് എത്തുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടത്താനിരിക്കുന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് അറിയിച്ചു.

 

 വിലക്കയറ്റത്തിനെതിരെ മറ്റന്നാൾ കോൺഗ്രസ് നടത്താൻ നിശ്ചയിച്ച പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത് ജയിലിലിട്ടാലും പ്രതിഷേധം നടത്തുമെന് അജയ് മാക്കൻ വ്യക്തമാക്കി. ഏത് നടപടിയേയും നേരിടാൻ സജ്ജമാണെന്നും നേതാക്കൾ പറഞ്ഞു.

വിലക്കയറ്റം മുഖ്യ വിഷയമാക്കി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ, നാഷണൽ ഹെറാൾഡ് കേസിന്റെ കുരുക്കിൽ നേതാക്കളെ സമ്മർദ്ദത്തിലാക്കുകയാണ് കേന്ദ്രസർക്കാർ. കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ ദില്ലിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം സീൽ ചെയ്തു. ഈ ഓഫീസ് ഇനി തുറക്കാൻ എൻഫോഴ്സ്മെന്റിന്റെ അനുമതി നിര്‍ബന്ധമാകും.

കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ആസ്ഥാനത്ത് ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഹെറാൾഡ് ദിനപ്പത്രത്തിന്റെ രേഖകള്‍ പരിശോധിച്ച എൻഫോഴ്സ്മെന്റ് സംഘം ചില രേഖകള്‍  കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി. ദില്ലിയിലാകെ 12 ഇടത്തായിരുന്നു ഹെറാൾഡ് കേസിലെ എൻഫോഴ്സ്മെന്റ് റെയ്ഡ്. സംഭവത്തിൽ പ്രതിഷേധിച്ച് ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗത്തും കോൺഗ്രസ് പ്രവ‍ര്‍ത്തക‍ര്‍ തെരുവിലിറങ്ങി. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവച്ച നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം അഴിമതിയോട് ചേര്‍ത്ത് വായിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ കെട്ടുകഥയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.  

Tags