പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു

modi with mother
 

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ ദിവസമാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂണില്‍ അമ്മ 100ാം വയസ്സിലേക്കു പ്രവേശിച്ചപ്പോള്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.

മാതാവിന്റ മരണം അദ്ദേഹം ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്നാണ് ട്വീറ്റിന്റെ തുടക്കം. നൂറാം ജന്മദിനത്തില്‍ മാതാവിനെ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി എന്നാണ് അദ്ദേഹം എപ്പോഴും മാതാവിനെ വിശേഷിപ്പിക്കാറുള്ളത്. ഏത് തിരക്കിലും സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അദ്ദേഹം മാതാവിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു.