
അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ ഇറ്റാനഗറിലെ 'ഡോണി പോളോ വിമാനത്താവളം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 690 ഏക്കറിലധികം വിസ്തൃതിയുള്ള അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിച്ചെടുത്തത് 640 കോടിയിലധികം രൂപ ചെലവിലാണ്.
'2019 ൽ ഞാൻ വിമാനത്താവളത്തിന്റെ തറക്കല്ലിടുമ്പോൾ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. വിമാനത്താവളം പണിയാൻ പോകുന്നില്ലെന്ന് രാഷ്ട്രീയ നിരൂപകർ ബഹളം വച്ചു. വോട്ടെടുപ്പ് കാരണം മോദി കല്ല് സ്ഥാപിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ഇന്നത്തെ ഉദ്ഘാടനം അവരുടെ മുഖത്തേറ്റ അടിയാണ്' എന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.
2300 മീറ്റർ റൺവേയുള്ള വിമാനത്താവളം എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്നതിന് അനുയോജ്യമാണ്. ഊർജകാര്യക്ഷമത, പുനരുൽപ്പാദക ഊർജം, വിഭവങ്ങളുടെ പുനരുപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആധുനികരീതിയിലുള്ള കെട്ടിടമാണു വിമാനത്താവള ടെർമിനൽ.