യുപിയിലെ പള്ളിയില്‍ ഖുര്‍ആന്‍ കത്തിച്ച നിലയില്‍; പ്രതി അറസ്റ്റിൽ

യുപിയിലെ പള്ളിയില്‍ ഖുര്‍ആന്‍ കത്തിച്ച നിലയില്‍;  പ്രതി അറസ്റ്റിൽ
 

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പള്ളിക്കുള്ളില്‍ കയറി ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. താജ് മുഹമ്മദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും, വർഗീയ സംഘർഷമാണോ ലക്ഷ്യമിടുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

ഖുര്‍ആന്‍ കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ പലയിടങ്ങളിലായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രമസമാധാനം പാലിക്കുന്നതിനായി പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നഗരത്തിലെ കോട്വാലി പ്രദേശത്തുള്ള ഫഖ്‌റെ ആലം പള്ളിയിലാണ് ഖുര്‍ആന്റെ ഭാഗം കത്തിച്ച നിലയില്‍ കണ്ടെത്തിയത്.  സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.


അതേസമയം ചോദ്യം ചെയ്യലിൽ താനല്ല, തന്റെ ആത്മാവാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് താജ് മുഹമ്മദ് പറഞ്ഞത്. ബുധനാഴ്ച വൈകുന്നേരം രണ്ട് യുവാക്കൾ പള്ളിയിലേക്ക് അതിക്രമിച്ച് കയറി അവിടെ സൂക്ഷിച്ചിരുന്ന ഖുർആൻ കത്തിക്കുകയായിരുന്നു. ഇമാം ഹാഫിസ് നദീം സായാഹ്ന നമസ്കാരത്തിന് എത്തിയപ്പോൾ ഖുർആനിന്റെ കത്തിച്ച പേജുകൾ കണ്ട് പള്ളി ഇമാമിനെ വിവരമറിയിക്കുകയായിരുന്നു.
 
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരാള്‍ ഖുര്‍ആന്‍ കത്തിച്ച് പ്രദേശത്ത് നിന്ന് പോകുന്നതായി കണ്ടെത്തിയിരുന്നു. ബരുജായി പ്രദേശത്ത് നിന്നാണ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.  

സംഭവത്തില്‍ പ്രതിഷേധിച്ച് ചിലയിടങ്ങളില്‍ തീവെപ്പുണ്ടായി. അക്രമത്തില്‍ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടാകുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയെ ഉടന്‍ പിടികൂടി നടപടിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ട് പ്രദേശത്ത് ക്രമസമാധാനം തിരികെ കൊണ്ടുവരാന്‍ സാധിച്ചെന്ന് പൊലീസ് വ്യക്തമാക്കി.