കർണാടക സന്ദർശനം വെട്ടിച്ചുരുക്കി രാഹുൽ; ഇന്ന് രാത്രി ഡൽഹിയിലെത്തും

rahul
 

ന്യൂഡൽഹി: കർണാടക സന്ദർശനം വെട്ടിച്ചുരുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് രാത്രി 10.30ക്ക് രാഹുൽ ഡൽഹിയിൽ എത്തും. നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഇന്ന് സീൽവെച്ചിരുന്നു. 

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഓഫീസ് സീൽവെച്ചത്. ഹെറാൾഡ് ഹൗസിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെറാൾഡ് ഓഫീസ് മാത്രമാണ് സീൽചെയ്തിരിക്കുന്നത്. തൊട്ടടുത്തുള്ള ഇതര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മുൻകൂർ അനുമതിയില്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചിരിക്കുകയാണ്.


വിലക്കയറ്റത്തിനെതിരെ മറ്റന്നാൾ കോൺഗ്രസ് നടത്താൻ നിശ്ചയിച്ച പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഏത് നടപടിയേയും നേരിടാൻ സജ്ജമാണെന്നും നേതാക്കൾ പറഞ്ഞു.

വിലക്കയറ്റം മുഖ്യ വിഷയമാക്കി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ, നാഷണൽ ഹെറാൾഡ് കേസിന്റെ കുരുക്കിൽ നേതാക്കളെ സമ്മർദ്ദത്തിലാക്കുകയാണ് കേന്ദ്രസർക്കാർ. കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ ദില്ലിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം സീൽ ചെയ്തു. ഈ ഓഫീസ് ഇനി തുറക്കാൻ എൻഫോഴ്സ്മെന്റിന്റെ അനുമതി നിര്‍ബന്ധമാകും.

കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ആസ്ഥാനത്ത് ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഹെറാൾഡ് ദിനപ്പത്രത്തിന്റെ രേഖകള്‍ പരിശോധിച്ച എൻഫോഴ്സ്മെന്റ് സംഘം ചില രേഖകള്‍  കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി. ദില്ലിയിലാകെ 12 ഇടത്തായിരുന്നു ഹെറാൾഡ് കേസിലെ എൻഫോഴ്സ്മെന്റ് റെയ്ഡ്. സംഭവത്തിൽ പ്രതിഷേധിച്ച് ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗത്തും കോൺഗ്രസ് പ്രവ‍ര്‍ത്തക‍ര്‍ തെരുവിലിറങ്ങി. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവച്ച നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം അഴിമതിയോട് ചേര്‍ത്ത് വായിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ കെട്ടുകഥയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.