രാജ്പഥ് ഇനി മുതല്‍ കര്‍ത്തവ്യപഥ് ;ഔദ്യോഗിക പ്രഖ്യാപനം നാളെ

rajaptyh
 

രാജ്പഥ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന പേരില്‍ അറിയപ്പെടും.  നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉള്‍പ്പെടെയാണ് ഇനി കര്‍ത്തവ്യപഥ് എന്നറിയിപ്പെടുക. നാളെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്പഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങില്‍ പുതിയ പേര് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.

കര്‍ത്തവ്യ പഥ് എന്ന പേര് ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍  കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രത്യേക യോഗമാണ്  അംഗീകരിച്ചത്. തീരുമാനം ചരിത്രപരമെന്നാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചത്. 

രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ നീളമുള്ള റോഡാണ് രാജ്പഥ്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ തന്നെയാണ് പരേഡ് നടക്കുന്നത്. കര്‍ത്തവ്യപഥ് എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.മൂന്നാം തവണയാണ് രാജ്പഥിന്റെ പേര് മാറ്റുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ റോഡിന്റെ പേര് കിംഗ്‌സ്വേ എന്നായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം, അതിന്റെ പേര് 'രാജ്പഥ്' എന്നാക്കി മാറ്റി, അത് കിംഗ്‌സ്വേയുടെ ഹിന്ദി പരിഭാഷയാണ്. ഇപ്പോള്‍ അതിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റി.