'ഒരു വോട്ടിന് 6000 രൂപ'; വോട്ടിന് പണം വാഗ്ദാനം ചെയ്‌ത്‌ വെട്ടിലായി ബിജെപി നേതാവ് ​​​​​​​

ramesh kharkhiholi

ബംഗളുരു: ബിജെപിക്ക് വോട്ട് ചെയ്യുന്നവർക്ക് പണം വാഗ്ദാനം ചെയ്‌ത്‌ കർണാടകയിലെ ബിജെപി നേതാവും മുൻമന്ത്രിയുമായ രമേശ് ജാർക്കിഹോളി. ബിജെപിക്ക് വോട്ട് ചെയ്‌താൽ ആളൊന്നിന് ആറായിരം രൂപ വച്ച് തരാമെന്നാണ് ജാർക്കിഹോളിയുടെ വിവാദ പരാമർശം. സംഭവത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചില്ല.

ബെലഗാവി മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ആളുകൾക്ക് ഇപ്പോഴേ സമ്മാനങ്ങൾ നൽകി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും ആ വോട്ട് ഞങ്ങൾക്ക് ചെയ്താൽ ആളൊന്നിന് ആറായിരം രൂപ വെച്ച് തരാമെന്നായിരുന്നു വാഗ്ദാനം.

വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപി പാർട്ടി നേതൃത്വം ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേയെന്നാണാണ് ബെലഗാവി റൂറൽ കോൺഗ്രസ് എംഎൽഎ ലക്ഷ്മി ഹെബ്ബാൾക്കറുടെ ചോദ്യം. 'തെരഞ്ഞെടുപ്പ് കമ്മീഷൻ ജാര്‍ക്കിഹോളിയുടെ പ്രസ്താവന കാണുന്നുണ്ട്. മുഖ്യമന്ത്രിയടക്കം ബിജെപി പാർട്ടി നേതൃത്വവും ഇത് കാണുന്നുണ്ട്. അവർ തീരുമാനിക്കട്ടെ നടപടിയെന്നും  ലക്ഷ്മി ഹെബ്ബാൾക്ക‍ര്‍ പ്രതികരിച്ചു.

ഓപ്പറേഷൻ താമരയുടെ ഭാഗമായി ബിജെപിയിലേക്ക് കാലുമാറിയവരിൽ പ്രമുഖനാണ് രമേശ് ജാർക്കിഹോളി. കൂറുമാറ്റത്തിന്റെ ഭാഗമായി ജാര്‍ക്കിഹോളിക്ക് ബിജെപി മന്ത്രിസ്ഥാനം നൽകിയിരുന്നു. എന്നാൽ ഒരു അശ്ലീല വീഡിയോ സിഡി വിവാദത്തെ തുടർന്ന് ജാര്‍ക്കിഹോളി രാജിവെച്ചിരുന്നു.