ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരും; വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ല: വിദേശകാര്യമന്ത്രി

 S Jaishankar and Russian Foreign Minister Sergei Lavrov meeting
 

മോസ്കോ: ഇന്ത്യ– റഷ്യ ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. യുദ്ധകാലം കഴിഞ്ഞുവെന്നും ഇന്ത്യ സമാധാനത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയ ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി ചർച്ച നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു. 

റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധമുണ്ടെന്നും അതു കൂടുതൽ ദൃഢമാക്കാനുള്ള വഴികൾ കണ്ടെത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യാന്തര വിഷയങ്ങളും യുക്രെയ്നിലെ പ്രതിസന്ധിയും ചർച്ചയായെന്നു ജയശങ്കർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. കോവിഡ് 19, രാജ്യന്തര സാമ്പത്തിക സമ്മർദ്ദങ്ങൾ, വ്യാപാര പ്രതിസന്ധികൾ എന്നിവ ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യയും റഷ്യയും തമ്മിൽ വിവിധ തലങ്ങളിൽ ശക്തമായ ബന്ധം നിലനിൽക്കുന്നുണ്ട്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതു തുടരുമെന്നും അദ്ദേഹം അറിയിച്ചു. എണ്ണയുടെയും ഗ്യാസിന്റെയും ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഉപഭോക്താവ് എന്ന നിലയ്ക്കു രാജ്യത്തിനു താങ്ങാൻ കഴിയുന്ന സ്രോതസ്സിനെ ആശ്രയിക്കുക എന്നത് അത്യാവശ്യമാണ്. അതിനാൽ തന്നെ റഷ്യയുമായുള്ള ബന്ധം തുടരേണ്ടത് ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. യുക്രെയ്നുമായുള്ള ചർച്ചകൾ റഷ്യ പുനരാരംഭിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും ജയശങ്കർ പറഞ്ഞു.

റഷ്യ- യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യ സന്ദർശിക്കുന്നത്. റഷ്യ–യു്ക്രൈൻ സംഘർഷത്തിൽ നിലപാട് ആവർത്തിച്ച മന്ത്രി സമാധാനത്തിനു വേണ്ടിയുള്ള ഏത് ശ്രമത്തിനും ഇന്ത്യ, റഷ്യയ്ക്ക് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിൻറെ അനന്തര ഫലം ഇപ്പോഴും ദൃശ്യമാണ്. സമാധാനം പുനസ്ഥാപിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഇന്ത്യയ്ക്ക് റഷ്യയുമായുള്ളത് ദീർഘകാലത്തെ ബന്ധമാണെന്നും ഇത് വിപൂലീകരിക്കാനുള്ള ശ്രമം തുടരുകയാണെന്നും എസ് ജയ്ശങ്കർ വ്യക്തമാക്കി.