ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല കാമ്പസില്‍ പ്രവേശിക്കുന്നതില്‍ സഫൂറ സര്‍ഗാറിന് വിലക്ക്

safoora
 

ഗവേഷകയും ആക്ടിവിസ്റ്റുമായ സഫൂറ സര്‍ഗാറിന് ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല കാമ്പസില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏർപ്പെടുത്തി. സഫൂറ സംഘടിപ്പിച്ച പ്രതിഷേധങ്ങളും മാര്‍ച്ചുകളുമാണ് വിലക്കേര്‍പ്പെടുത്താനുള്ള കാരണമായി സര്‍വകലാശാല ചൂണ്ടിക്കാണിക്കുന്നത്. പ്രബന്ധം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ എംഫില്‍ പ്രവേശനം റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

'മുന്‍ വിദ്യാര്‍ത്ഥിനി സഹൂറ സര്‍ഗര്‍ അപ്രസക്തവും ആക്ഷേപകരവുമായ വിഷയങ്ങള്‍ക്കെതിരെ കാമ്പസില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മാര്‍ച്ചുകളും സംഘടിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വകലാശാലയിലെ ചില വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് തന്റെ രാഷ്ട്രീയ അജണ്ടയ്ക്കായി യൂണിവേഴ്‌സിറ്റി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. കൂടാതെ, സ്ഥാപനത്തിന്റെ ദൈംനംദിന പ്രവര്‍ത്തനത്തെ അവര്‍ തടസ്സപ്പെടുത്തുന്നു. മുകളില്‍ പറഞ്ഞതനുസരിച്ച്, കോംപീറ്റന്റ് അതോറിറ്റി, എല്ലായിടത്തും സമാധാനപരമായ അക്കാദമിക അന്തരീക്ഷം നിലനിര്‍ത്താന്‍ മുന്‍ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിനെ ക്യാമ്പസില്‍ നിന്ന് വിലക്കുന്നു' എന്നും   ഓഫീസ് ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020 ഏപ്രിലില്‍ യുഎപിഎ പ്രകാരം സഫൂറ സര്‍ഗറിനെതിരെ കേസെടുത്തിരുന്നു. സഫൂറ സര്‍ഗാറിന്റെ പ്രവേശനം റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
2020 ജൂണില്‍ ഗര്‍ഭിണിയായിരുന്നത് പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സഫൂറ സര്‍ഗറിന് ജാമ്യം ലഭിച്ചത്.