മൂന്നു മാസത്തിന് ശേഷം ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം

sanjay
 

മുംബൈ: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന് മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. രാജ്യസഭാംഗം കൂടിയായ അദ്ദേഹം കഴിഞ്ഞ മൂന്നരമാസക്കാലമായി ജയിലിൽ കഴിയുകയാണ്.

ജാമ്യം ലഭിച്ചതോടെ ജഡ്ജിക്ക് മുമ്പിൽ കൈകൂപ്പി സഞ്ജയ് റാവത്ത്. 'ഞാൻ താങ്കളോട് കടപ്പാടുള്ളവനാണ്' ജഡ്ജി എം.ജി ദേശ്പാണ്ഡെയോട് അദ്ദേഹം പറഞ്ഞു. 'നന്ദി പറയേണ്ട ആവശ്യമില്ല. എല്ലാ കാര്യവും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ തീരുമാനിക്കുന്നത്. മെറിറ്റില്ലെങ്കിൽ ഈ വിധിയുമുണ്ടാകില്ല' ജഡ്ജി അദ്ദേഹത്തിന് മറുപടിയും നൽകി.


മുംബൈയിലെ ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഓഗസ്റ്റ് ഒന്നിനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സഞ്ജയ് റാവത്തിനെ കസ്റ്റഡിയിൽ എടുത്തത്. മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തിയ കേസ് ഇഡി ഏറ്റെടുക്കുകയായിരുന്നു.

റാവത്തിന്‍റെ സുഹൃത്തും മുഖ്യപ്രതിയുമായ പ്രവീൺ റാവത്ത് 112 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. രാഷ്ട്രീയ പകപോക്കലിന്‍റെ പേരിൽ തനിക്കെതിരേ കള്ളക്കേസ് ഉണ്ടാക്കിയെന്ന് റാവത്ത് ആരോപിച്ചിരുന്നു.