കർണാടകയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാവീഴ്ച; യുവാവ് തൊട്ടടുത്തെത്തി

Security Breach During PM Modi Roadshow In Karnataka
 

ഹുബ്ബളി: കര്‍ണാടകയിലെ ഹുബ്ബളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. സുരക്ഷാ വേലി മറികടന്ന് തൊട്ടടുത്തെത്തിയ യുവാവ് പ്രധാനമന്ത്രിയെ ഹാരമണിയിക്കാന്‍ ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളെ സുരക്ഷാ ജീവനക്കാരന്‍ പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ ദൃശ്യമാണ്.


 
ഹുബ്ലി വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്പോർട്സ് ഗ്രൗണ്ടിലേക്ക് റോഡ് ഷോ ആയാണ് പ്രധാനമന്ത്രി എത്തിയത്. വാഹനത്തിൽ നിന്ന് ആൾക്കൂട്ടത്തെ നോക്കി കൈവീശിക്കൊണ്ടാണ് മോദി പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയത്. ഇതിനിടെ, ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറി കടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്.

യുവാവ് കൊണ്ടുവന്ന മാല പ്രധാനമന്ത്രിയുടെ കയ്യിൽ ഉടക്കി. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇയാളെ ബലം പ്രയോഗിച്ച് നീക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി റോഡിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് ഈ സുരക്ഷാ വീഴ്ചയുണ്ടായത്. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 
 
ഹുബ്ബളിയിലെ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിങ് താക്കൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
 
അഞ്ച് ദിവസം നീളുന്ന യുവജനോത്സവത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നായി 7500 പേരാണ് പങ്കെടുക്കുന്നത്. മോദിക്കൊപ്പം ഗവർണർ തവർചന്ദ് ഗെഹലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.