ആഡംബര വാച്ചുകളുമായെത്തിയ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു; 6.83 ലക്ഷം നികുതിയടപ്പിച്ച് വിട്ടു

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകൾ ബാഗേജിൽ ഉണ്ടായിരുന്നതിനാൽ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാൻ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തിൽ തുടരേണ്ടി വന്നു
ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി ഷാറൂഖ് ഖാനെയും മാനേജറേയും വിട്ടയച്ചെങ്കിലും ബോഡി ഗാഡിനെയും കൂടെയുണ്ടായിരുന്ന മറ്റു ചിലരേയും പുലർച്ചെ വരെ തടഞ്ഞുവച്ചു.
ഇവരുടെ ബാഗിൽ നിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെള്ളിയാഴ്ചയാണ് ഷാരൂഖ് ഖാന്‍ പങ്കെടുത്തത്. പുസ്തകോത്സവത്തില്‍ ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്‍ഡ് കള്‍ച്ചറല്‍ നറേറ്റീവ് അവാര്‍ഡ് താരത്തിന് സമ്മാനിച്ചിരുന്നു.
2011-ല്‍ അധിക ബാഗേജിന് ഷാരൂഖ് ഖാന്‍ മുംബൈ വിമാനത്താവളത്തില്‍ 1.5 ലക്ഷം പിഴ അടക്കേണ്ടി വന്നിരുന്നു.