ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ ആഭ്യന്തരകാര്യം: യച്ചൂരി

 sitaram yechury
 

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. യാത്രയ്ക്കായി എവിടെ, എത്ര സമയം ചെലവഴിക്കണമെന്നത് കോൺഗ്രസിന്റെ വിഷയമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്ത് ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ മതേതര- ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് യെച്ചൂരി വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരെ മതേതര പക്ഷത്ത് പരമാവധി ആളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

ഒപ്പം ഭരണഘടനയേയും ജനാധിപത്യത്തേയും പൗരസ്വാതന്ത്ര്യത്തേും സമ്പദ്‌വ്യവസ്ഥയേയും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതിനാണ് പരിഗണന കൊടുക്കുന്നത്. ഓരോ സംസ്ഥാനത്തും പല കക്ഷികളും എതിര്‍പക്ഷത്താണെങ്കിലും ദേശീയതലത്തിലേക്കെത്തിയാല്‍ അവയെല്ലാം മതേതര ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒന്നിക്കുകയാണ് ചെയ്യുക.

മതേതര- ജനാധിപത്യ ശക്തികള്‍ ബിജെപിക്കെതിരെ ഒന്നിക്കുകയാണ് വേണ്ടതെന്നും ഇടതുപക്ഷ ശക്തികളുടെ ഐക്യം രൂപപ്പെടുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം രാജ്യവ്യാപക പ്രതിഷേധ സംഘടിപ്പിക്കുമെന്നും സെപ്തംബര്‍ 24വരെയായിരിക്കും പ്രതിഷേധമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നുവെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിനും യച്ചൂരി മറുപടി നൽകി. നിക്ഷേപം വരാത്തത് കമ്യൂണിസം കൊണ്ടാണെന്നത് പറഞ്ഞുപഴകിയ പ്രചാരണമാണ്. മനുഷ്യാവകാശ സൂചികകളിൽ കേരളം മുന്നിലും യുപി വളരെ പിന്നിലുമാണെന്നും യച്ചൂരി പറഞ്ഞു.

കേരളത്തില്‍ നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്നും വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തേക്കാള്‍ ഉത്തര്‍പ്രദേശിനോട് താല്‍പര്യം കാട്ടുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. യച്ചൂരിയുടെ മോഡലാണോ നരേന്ദ്ര മോദിയുടെ മോഡലാണോ നാടിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.