അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

arungoyal
 

ന്യൂ ഡല്‍ഹി:  തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിക്കാനുള്ള കേന്ദ്ര തീരുമാനം ചോദ്യം ചെയ്ത് സുപ്രീം കോടതി. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അരുണ്‍ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നല്‍കിയെന്നും യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്ന് എങ്ങനെ ഒരാളിലേക്ക് എത്തിയെന്നും കോടതി ചോദിച്ചു. 

പതിനെട്ടിനാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചത്. അന്ന് തന്നെ പ്രധാനമന്ത്രി അരുണ്‍ ഗോയലിന്റെ പേര് നിര്‍ദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അടിയന്തര പ്രാധാന്യമെന്നാണ് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചത്. അരുണ്‍ ഗോയല്‍ എന്ന വ്യക്തിയോട് ഈ ബെഞ്ചിന് ഒരു പ്രശ്‌നവും ഇല്ല. ഇതുവരെയുള്ള പ്രകടനവും ഏറ്റവും മികച്ചതാണ്. എന്നാല്‍ നിയമനത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ പുനര്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് കെ എം ജോസഫ് വിശദീകരിച്ചു. മെയ് 15 നാണ് ഒഴിവ് വന്നത്. മെയ് 15 മുതല്‍ നവംബര്‍ 18 വരെ നിങ്ങള്‍ എന്തു ചെയ്തുവെന്ന് പറയാമോ?' ഒരു ദിവസം എന്തുകൊണ്ടാണ് അതിവേഗത്തില്‍ നിയമനം നടത്തിയതെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗിയും ചോദിച്ചു. 


എന്നാല്‍ ഒളിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കോടതി ഇത്തരത്തില്‍ സംശയം ഉന്നയിക്കുന്നത് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലേയെന്ന് അറ്റോണി ജനറലും മറുപടി ചോദ്യമുന്നയിച്ചു. എന്നാല്‍ ചര്‍ച്ചയും സംവാദവുമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിശദീകരിച്ച കോടതി, കേന്ദ്രത്തിനെതിരാണെന്ന് കരുതേണ്ടെന്നും എജിക്ക് മറുപടി നല്‍കി.