ടീസ്റ്റ സെതല്‍വാദിന് ഉപാധികളോടെ ഇടക്കാല ജാമ്യം

teesta
 


2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ഉപാധികളോടെ സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകി.  അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് സുപ്രീംകോടതി ടീസ്റ്റയോട് ആവശ്യപ്പെട്ടു. ഹൈക്കോടതി റെഗുലര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. സാക്ഷികളുടെ വ്യാജ മൊഴികള്‍ തയ്യാറാക്കി, കലാപം അന്വേഷിക്കാന്‍ രൂപീകരിച്ച നാനാവതി കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചെന്ന കേസിലാണ് ജാമ്യം. 

രാഷ്ട്രീയ നേതാവുമായി ടീസ്റ്റ കൂടിക്കാഴ്ച നടത്തിയെന്നും ഗൂഢാലോചനയ്ക്ക് പണം കൈപ്പറ്റിയെന്നും ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ടീസ്റ്റയുടെ ജാമ്യാപേക്ഷയെ പോലീസ് എതിര്‍ക്കുകയും നിഷേധിക്കാനാവാത്ത  തെളിവുകള്‍ സെതല്‍വാദിനെതിരെ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. 
 
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെ ജൂണില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.